Life After Death Experiences: മരിച്ചവർ തിരിച്ചുവരുമോ....? 'മരണാനന്തര' ജീവിതാനുഭവങ്ങൾ...

ലോകപ്രശസ്ത കുറ്റാന്വേഷക നോവലിസ്റ്റായ ആർതർ കോനൻ ഡോയൽ തന്റെ സൂപ്പർനായകനായ ഷെർലക് ഹോംസിനെ 'മരിച്ച'തിന് ശേഷം തിരിച്ചുകൊണ്ടുവന്നത് സാഹിത്യ ചരിത്രത്തിലെ വലിയ കൗതുകമാണ
ലോകപ്രശസ്ത കുറ്റാന്വേഷക നോവലിസ്റ്റായ ആർതർ കോനൻ ഡോയൽ തന്റെ സൂപ്പർനായകനായ ഷെർലക് ഹോംസിനെ 'മരിച്ച'തിന് ശേഷം തിരിച്ചുകൊണ്ടുവന്നത് സാഹിത്യ ചരിത്രത്തിലെ വലിയ കൗതുകമാണ്. കുറച്ചുകൂടി ഗൗരവമുള്ള എഴുത്തിന്റെ വഴിയിലേക്ക് തിരിയാൻവേണ്ടി 'ദ ഫൈനൽ പ്രോബ്ളം' എന്ന കഥയിൽ ഹോംസ് മരിച്ചതായി അവതരിപ്പിക്കുകയായിരുന്നു. എന്നാൽ വായനക്കാരുടെ കടുത്ത നിർബന്ധം കാരണം 'ദ അഡ്വഞ്ചർ ഓഫ് ദ എംറ്റി ഹൗസ്' എന്ന കഥയിൽ അദ്ദേഹത്തെ പുനർജീവിപ്പിപ്പിക്കേണ്ടിവന്നു. ഒരു കഥാപാത്രത്തെ വായനക്കാർ എത്രത്തോളം ആഴത്തിൽ നെഞ്ചോടുചേർത്തു എന്നതിന്റെ തെളിവാണിത്. ഇത് സാഹിത്യത്തിലെ കാര്യമാണെങ്കിൽ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ മരിച്ചതിന് ശേഷം തിരിച്ചുവന്നുവെന്ന് അവകാശപ്പെടുന്ന കഥകൾ എത്രയോ ഉണ്ട്. അത്തരക്കാർ പറയുന്ന അനുഭവങ്ങൾക്ക് ഒട്ടേറേ സമാനതകളുമുണ്ട്. മരിച്ചതിന് ശേഷം തിരിച്ചുവരിക എന്നത് ശാസ്ത്രീയമായി അസംഭവ്യമാണെങ്കിലും അത്തരം അവകാശവാദങ്ങളുയർത്തുന്ന കഥകൾ എക്കാലവും ജനകീയമാണ്. കേട്ടിരിക്കാൻ കൗതുകവും ആകാംക്ഷയുമുണർത്തുന്ന ഇത്തരം കഥകൾക്ക്, കഥകൾ മെനയുകയും പറയുകയും ചെയ്യുന്ന ഏക ജീവിയെന്ന നിലയിൽ മനുഷ്യർക്കിടയിൽ വലിയ സ്വാധീനവുമുണ്ട്. മുൻ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, തന്റെ മരിച്ചുപോയ ഭാര്യയോട് സംസാരിച്ചതും മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ്ബ് പ്രേതത്തെ ഉപയോഗിച്ച് കുറ്റം തെളിയിച്ചതുമായ കഥകൾ കേട്ട് ത്രസിച്ചിരിക്കുന്നവർ ഇക്കാലത്തുമുണ്ട് എന്നോർക്കണം. ഇതുപോലെത്തന്നെയാണ് മരണാസന്നാനുഭവങ്ങളും (Near death Experience). മരണത്തെ നേർക്കുനേർ കണ്ട് തിരിച്ചുവന്നു എന്നു തോന്നിക്കുന്ന അനുഭവങ്ങൾ. ഇതൊക്കെ അനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് യഥാർത്ഥ അനുഭവം തന്നെയാണ്. വലിയൊരു ശതമാനവും ഇതെല്ലാം ശരിക്കും അനുഭവിച്ചവരാണ്. ആ അനുഭവങ്ങളെ നിഷേധിക്കാൻ നമുക്കാവില്ല, എന്നാൽ ഇന്ന് ശാസ്ത്രീയമായി അതിനെയെല്ലാം വിശദീകരണമുണ്ടെന്ന് മാത്രം. അത്തരം ചില അനുഭവ കഥകൾ കേൾക്കാം.
കൊല്ലപ്പെട്ടയാൾ കൊലയാളിയെ ചൂണ്ടിക്കാണിക്കുന്നു... മുൻ ഡി.ജി.പി.അലക്സാണ്ടർ ജേക്കബല്ല 'മരിച്ചുപോയ'വരെ ഉപയോഗിച്ച് കുറ്റം തെളിയിച്ച ആദ്യത്തെയാൾ എന്നാണ് പറയാൻ പോകുന്നത്. കുറേ പിന്നോട്ടുപോയാൽ വേറേയും അനുഭവകഥകൾ ഇത്തരത്തിൽ ഉണ്ട്. 1977 ലെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സംഭവമാണ് തെരേസിറ്റ ബാസ കേസ്. അമേരിക്കയിലേ ഷിക്കാഗോയിൽ നടന്ന ഒരു സംഭവമാണിത്. 47 വയസ്സുള്ള തെരേസിറ്റ ബാസ എന്ന നഴ്സിനെ സ്വന്തം അപ്പാർട്ട്മെന്റിൽ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തെളിവില്ലാതാക്കാൻ മൃതദേഹം കത്തിക്കാനും ശ്രമിച്ചിട്ടുണ്ട്. അതിന്റെ അന്വേഷണം ഊർജ്ജിതമായി നടക്കുന്നതിനിടയിലാണ് തെരേസിറ്റയുടെ കൂടെ ജോലിചെയ്യുന്ന മറ്റൊരു നഴ്സായ റെമിചുവക്ക് ചില സ്വഭാവവ്യത്യാസങ്ങൾ ഉണ്ടാവുന്നത്. ഒരു ദിവസം അബോധാവസ്ഥയിലായ റെമിചുവ ഉണർന്നതോടെ മറ്റൊരു ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി. താൻ തെരേസിറ്റ ബാസയാണെന്നു പറഞ്ഞുകൊണ്ടാണ് അവൾ സംസാരിച്ചത്. മാത്രമല്ല, തന്റെ ഭർത്താവിനോട് തെരേസിറ്റയുടെ കൊലപാതകി അലൻ ഷൊവറി എന്ന ആശുപത്രി ജീവനക്കാരനാണെന്നും പറഞ്ഞു. തെരേസിറ്റയുടെ ആഭരണങ്ങൾ അവൻ മോഷ്ടിച്ച് അവന്റെ കാമുകിക്ക് കൊടുത്തതായും വെളിപ്പെടുത്തി.





















