The Mystery of Little Red Dots:ചുവന്ന പൊട്ടുകളുടെ രഹസ്യം

പ്രപഞ്ചത്തിന്റെ ആദ്യകാല ചരിത്രത്തിൽ രൂപംകൊണ്ടതായി കരുതുന്ന 'ലിറ്റിൽ റെഡ് ഡോട്ട്സ്' എന്ന വസ്തുക്കളുടെ രഹസ്യം പുതിയ പഠനത്തിലൂടെ വെളിപ്പെടുന്നു. ജെയിംസ് വെബ് ബഹിരാ
പ്രപഞ്ചത്തിന്റെ ആദ്യകാല ചരിത്രത്തിൽ രൂപംകൊണ്ടതായി കരുതുന്ന 'ലിറ്റിൽ റെഡ് ഡോട്ട്സ്' എന്ന വസ്തുക്കളുടെ രഹസ്യം പുതിയ പഠനത്തിലൂടെ വെളിപ്പെടുന്നു. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി കണ്ടെത്തിയ ഈ വിചിത്ര വസ്തുക്കൾ, പിന്നീട് പൂർണമായ രൂപംകൊണ്ട ഗാലക്സികളുടെ സജീവ കേന്ദ്രങ്ങളായി മാറുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. 'ആദ്യകാല പ്രപഞ്ചത്തിൽ രൂപംകൊണ്ട എല്ലാം ഇന്നത്തെ പ്രപഞ്ചത്തിലെ ഏതെങ്കിലും ഘടകങ്ങളായി മാറിയിരിക്കണം' എന്ന് അരിസോണ സർവകലാശാലയിലെ ഗവേഷകൻ ജോർജ് റീകെ പറഞ്ഞു. 'ലിറ്റിൽ റെഡ് ഡോട്ട്സ്' എന്ന ഈ വസ്തുക്കൾ, ബിഗ് ബാംഗിന് ശേഷം ഏകദേശം 60 കോടി മുതൽ 160 കോടി വർഷങ്ങൾക്കിടയിൽ നിലനിന്നിരുന്നവയാണെന്ന് കണക്കാക്കുന്നു. ഈ വസ്തുക്കളുടെ പ്രകാശം ക്വാസറുകളുടെ സവിശേഷതകൾക്കൊപ്പം താരതമ്യം ചെയ്യപ്പെടുമ്പോൾ, അവയിൽ നിന്ന് ലഭിക്കുന്ന പ്രകാശം വ്യത്യസ്തമാണ്. പ്രധാനമായും ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് തരംഗദൈർഘ്യങ്ങളിലാണ് ഇവ പ്രകാശിക്കുന്നത്. എന്നാൽ, സജീവ സൂപ്പർമാസിവ് ബ്ലാക്ക് ഹോളുകളിൽ നിന്ന് പ്രതീക്ഷിക്കുന്ന എക്സ്-റേ വികിരണം ഇവയിൽ നിന്ന് കണ്ടെത്താനായിരുന്നില്ല. ഈ ദുരൂഹതയെ വിശദീകരിക്കാൻ ശാസ്ത്രജ്ഞർ മുന്നോട്ടുവച്ച പ്രധാന ആശയങ്ങളിൽ ഒന്നാണ് 'ബ്ലാക്ക് ഹോൾ സ്റ്റാർ' സിദ്ധാന്തം. അതായത്, വൻ വാതകമേഘത്തിനുള്ളിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു സൂപ്പർമാസിവ് ബ്ലാക്ക് ഹോൾ, പുറത്തേക്ക് നേരിട്ട് കാണപ്പെടാതെ, അതിന്റെ ചൂട് മൂലമാണ് ഈ വസ്തുക്കൾ തിളങ്ങുന്നതെന്നാണ് ഈ ആശയം. പുതിയ തെളിവുകൾ ഈ സിദ്ധാന്തത്തിന് കൂടുതൽ പിന്തുണ നൽകുന്നതായാണ് ഗവേഷകർ പറയുന്നത്.
ഗവേഷകർ WISEA J123635.56+621424.2 എന്ന ഗാലക്സിയെ പഠനത്തിന്റെ കേന്ദ്രമാക്കിയത്. 'സഗ്വാരോ' എന്ന പേരിട്ടിരിക്കുന്ന ഈ ഗാലക്സിക്ക് വ്യക്തമായ സർപ്പിളാകൃതിയിലുള്ള കൈകളും ചുവന്ന കേന്ദ്രഭാഗവുമുണ്ട്. ജെയിംസ് വെബ് ദൂരദർശിനി സഗ്വാരോയുടെ കേന്ദ്രത്തിൽ ശക്തമായ ഇൻഫ്രാറെഡ് വികിരണം കണ്ടെത്തി. ഹബിൾ ദൂരദർശിനി അൾട്രാവയലറ്റ് വികിരണവും രേഖപ്പെടുത്തി. ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററി വളരെ ദുർബലമായ എക്സ്-റേ വികിരണവും കണ്ടെത്തി. ഇത് 'ലിറ്റിൽ റെഡ് ഡോട്ട്സ്' ഘട്ടത്തിൽ എക്സ്-റേ വികിരണം പുറത്തേക്ക് എത്താത്തതും, പിന്നീട് ഗാലക്സി വികസിക്കുമ്പോൾ അത് ദൃശ്യമാകുന്നതുമായ പരിണാമഘട്ടത്തെ സൂചിപ്പിക്കാമെന്ന് ഗവേഷകർ വിലയിരുത്തുന്നു. സഗ്വാരോ ഗാലക്സിയെ ഒരു ബില്യൺ വർഷം പിന്നിലേക്ക് 'മാറ്റി' കമ്പ്യൂട്ടർ സിമുലേഷൻ നടത്തിയപ്പോൾ, അതിന്റെ സർപ്പിള ഘടന അപ്രത്യക്ഷമാവുകയും ചുവന്ന കേന്ദ്രം മാത്രം ദൃശ്യമാവുകയും ചെയ്തതായി ഗവേഷകർ കണ്ടെത്തി. അതായത്, ഇന്ന് കാണുന്ന 'ലിറ്റിൽ റെഡ് ഡോട്ട്സ്' എന്നത് ഒരു പ്രത്യേക വിഭാഗം വസ്തുക്കളല്ല, മറിച്ച് ഗാലക്സികളുടെ വളർച്ചയിലെ ഒരു ഘട്ടം മാത്രമായിരിക്കാമെന്നതാണ് പുതിയ നിഗമനം.





















