Research Breakthrough:മാംസവും ഇനി കൃഷിചെയ്ത് ഉത്പാദിപ്പിക്കാൻ കഴിയുമോ? വൻ മുന്നേറ്റവുമായി ഗവേഷകർ

മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് പകരം സസ്യങ്ങളിൽ നിന്ന് ഭക്ഷ്യയോഗ്യമായ മാംസം ലഭ്യമാകുന്നതിന്റെ സാധ്യതയെക്കുറിച്ച് ശാസ്ത്രജ്ഞർ വലിയ മുന്നേറ്റം കൈവരിച്ചിരിക്കുകയാണ്
മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് പകരം സസ്യങ്ങളിൽ നിന്ന് ഭക്ഷ്യയോഗ്യമായ മാംസം ലഭ്യമാകുന്നതിന്റെ സാധ്യതയെക്കുറിച്ച് ശാസ്ത്രജ്ഞർ വലിയ മുന്നേറ്റം കൈവരിച്ചിരിക്കുകയാണ്. മാംസത്തിന്റെ നിറം, രുചി, ഇരുമ്പിന്റെ അളവ് എന്നിവയെ നിയന്ത്രിക്കുന്ന മയോഗ്ലോബിൻ എന്ന പ്രോട്ടീൻ ഇലകളിൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന രീതിയിൽ ശാസ്ത്രജ്ഞർ ലെറ്റിയൂസ്, പുകയില സസ്യങ്ങളെ സജ്ജമാക്കിയിരിക്കുന്നു. ഈ ഗവേഷണം, മൃഗങ്ങളെ കശാപ്പുചെയ്യാതെ അവയുടെ യഥാർത്ഥ മാംസത്തിന് സമാനമായ ഭക്ഷ്യവസ്തു സസ്യങ്ങളിൽ നിന്നു ലഭ്യമാക്കാനുള്ള സാധ്യതകളിലേക്ക് വഴിതുറക്കുന്നു. ഫ്രോണ്ടിയേഴ്സ് ഇൻ പ്ലാന്റ് സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ഇംപീരിയൽ കോളേജ് ലണ്ടനിലെ ഗവേഷകർ നേതൃത്വം നൽകുകയും, കേംബ്രിഡ്ജിലെ ബയോടെക് സ്ഥാപനമായ കിയോമി ലിമിറ്റഡും, കാലിഫോർണിയ യൂണിവേഴ്സിറ്റിയും, ചൈനയിലെ നാൻചാങ് യൂണിവേഴ്സിറ്റിയുമൊക്കെ സഹകരിക്കുകയും ചെയ്തു.
മയോഗ്ലോബിൻ, പേശികൾക്ക് ചുവപ്പ് നിറം നൽകുകയും, മാംസത്തിന് പ്രത്യേക രുചി നൽകുകയും ചെയ്യുന്ന തന്മാത്രയാണ്. സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മാംസം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഇതുവരെ മൈക്രോബിയൽ എൻജിനീയറിംഗിനെ ആശ്രയിച്ചിരുന്നുവെങ്കിലും, ഈ പഠനത്തിൽ ഗവേഷകർ പന്നികളിൽ നിന്നും കാലികളിൽ നിന്നുള്ള മയോഗ്ലോബിൻ ജീനിന്റെ പകർപ്പുകൾ പുകയില, ലെറ്റിയൂസ് തൈകളുടെ ക്ലോറോപ്ലാസ്റ്റുകളിലേക്ക് നേരിട്ട് അയക്കാൻ 'ജീൻ ഗൺ' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു. ക്ലോറോപ്ലാസ്റ്റുകൾ, സസ്യകോശങ്ങളിൽ പ്രകാശസംശ്ലേഷണം നടത്തുന്ന ഭാഗങ്ങളാണ്.





















