Heavy Rain in North India: ഉത്തരേന്ത്യയിൽ അതിശക്ത മഴ തുടരുന്നു: കേദാർനാഥ് യാത്ര നിർത്തിവെച്ചു, മരണം 97 ആയി

ദില്ലി: ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുകയാണ്. അസമിലെ പ്രളയത്തിൽ മരണസംഖ്യ 97 ആയി ഉയർന്നതായി റിപ്പോർട്ട് ചെയ്യുന്നു. ഉത്തരാഖണ്ഡിലെ അളകനന്ദയും മന്ദാകിനിയും കരകവിഞ്
ദില്ലി: ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുകയാണ്. അസമിലെ പ്രളയത്തിൽ മരണസംഖ്യ 97 ആയി ഉയർന്നതായി റിപ്പോർട്ട് ചെയ്യുന്നു. ഉത്തരാഖണ്ഡിലെ അളകനന്ദയും മന്ദാകിനിയും കരകവിഞ്ഞൊഴുകുന്നതിനാൽ വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയാണ്. ഈ സാഹചര്യത്തിൽ കേദാർനാഥ് യാത്രയും തടസ്സപ്പെട്ടു. ദില്ലിയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അസമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ, ആകെ മരിച്ചവരുടെ എണ്ണം 97 ആയി. ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകുന്നതിനാൽ പത്തുലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക ഷെൽട്ടറുകളിലും കഴിയുകയാണ്. നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും പൂർണ്ണമായും ഒറ്റപ്പെട്ടു പോയി. സിക്കിം, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലും കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുകൾ ഉണ്ടായി. ഉത്തരാഖണ്ഡിലെ മലയോര പ്രദേശങ്ങളിൽ നദികൾ അപകടനിലയിൽ ഒഴുകുകയാണ്. രുദ്രപ്രയാഗിൽ അളകനന്ദയും മന്ദാകിനിയും അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. നദീതീരത്തെ ക്ഷേത്രങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി.
തിൽവാരയ്ക്ക് സമീപം ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ കേദാർനാഥ് ഹൈവേയിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. തീർത്ഥാടകരും പ്രദേശവാസികളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൺട്രോൾ റൂമുകളും ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ദില്ലി, നോയിഡ, ഫരീദാബാദ് മേഖലകളിലും ഇന്നും കനത്ത മഴ തുടരുകയാണ്. വടക്കൻ ദില്ലിയിലെ ജഗത്പൂരിൽ റോഡിലെ വെള്ളക്കെട്ടിലൂടെ നടന്നുപോയ മൂന്ന് സ്കൂൾ വിദ്യാർത്ഥികൾ ഓടയിൽ വീണു. നാട്ടുകാർ പെട്ടെന്ന് ഇടപെട്ട് രക്ഷപ്പെടുത്തി. ബിജ്വാസനിൽ കഴിഞ്ഞ ദിവസം ഓടയിൽ വീണ് കാണാതായ ആൾക്കായി തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ബീഹാർ, പശ്ചിമ ബംഗാൾ, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


















